District News
തൊട്ടില്‍പാലം: പുതുതായി സര്‍വ്വീസ് ആരംഭിച്ച ചങ്ങനാശ്ശേരി ഡിപ്പോയുടെ ചങ്ങനാശ്ശേരി - മാനന്തവാടി ബസിന് തൊട്ടില്‍പാലത്ത് സ്വീകരണം നല്കി. സോജന് ആലയ്ക്കല്‍, എന്‍.കെ.അബ്ദുള്‍ അസീസ്, വി.പി.നാണു, രാജേഷ് തൊട്ടില്‍പാലം എന്നിവര്‍ പങ്കെടുത്തു.
മലയോര മേഖല ബസ് പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികളായ ഫാ. ബിനു കടത്തലക്കുന്നേല്‍ (എസ്ജെ), സോജന് ആലയ്ക്കല്‍ എന്നിവര്‍ ചങ്ങനാശ്ശേരി എംഎല്‍എ ജോബ് മൈക്കിളിന് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് സര്‍വ്വീസ് അനുവദിച്ചത്.
രാവിലെ എട്ടിന് ചങ്ങനാശ്ശേരിയില്‍ നിന്ന് പുറപ്പെട്ട് കോട്ടയം, മൂവാറ്റുപുഴ, അങ്കമാലി, തൃശൂര്‍, കോഴിക്കോട്, പേരാമ്പ്ര, തൊട്ടില്‍പാലം വഴി 5.25 ന് മാനന്തവാടിയില്‍ എത്തിച്ചേരും. തിരിച്ച് രാവിലെ അഞ്ചിന് മാനന്തവാടിയില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം 4.55 ന് ചങ്ങനാശ്ശേരിയില്‍ എത്തിച്ചേരും. രണ്ട് പുതിയ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകളാണ് സര്‍വീസ് നടത്താന്‍ അനുവദിച്ചിരിക്കുന്നത്.
District News
കോട്ടയം: കെകെ റോഡിലുടെ സമയക്രമം പാലിക്കാതെ സര്‍വീസ് നടത്തുന്ന ചില സ്വകാര്യ ബസുകള്‍ യാത്രക്കാര്‍ക്കു ദുരിതം സമ്മാനിക്കുന്നു. ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയുടെ 2018 ലെ ഉത്തരവ് പ്രകാരം 35 കിലോമീറ്റര്‍ ദൂരം സര്‍വീസ് നടത്തുന്നതിന് ഓര്‍ഡിനറി ബസുകള്‍ക്കു ഓരോ കിലോമീറ്ററിനും 2.30 മിനിറ്റ് സമയവും നഗരപരിധിയില്‍ മൂന്നു മിനിറ്റുമാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ കെകെ റോഡില്‍ ചില സ്വകാര്യ ബസുകള്‍ നിയമം കാറ്റിപ്പറത്തി ഒരു കിലോമീറ്റര്‍ ദൂരം രണ്ടു മിനിറ്റ് എന്ന രീതിയിലാണു സര്‍വീസ് നടത്തുന്നത്.
ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ക്ക് അനുവദിച്ചിരിക്കുന്ന രണ്ടു മിനിറ്റ് സമയത്താണ് ഓർഡിനറി ബസുകള്‍ സര്‍വീസ് നടത്തുന്നത്. ഇതു ബസുകളുടെ അമിത വേഗത്തിനും മത്സരയോട്ടങ്ങള്‍ക്കും കാരണമാകുന്നതായി അക്ഷേപമുണ്ട്.
ഒരേ ഗണത്തില്‍പ്പെട്ട സ്വകാര്യ ബസുകള്‍ സമയക്രം പാലിക്കാതെ ഓടുന്നത് കാണിച്ച് ബസുടമകള്‍ കോട്ടയം ആര്‍ടിഒയ്ക്കു പരാതി നൽകിയിരുന്നു. തുടര്‍ന്ന് ആര്‍ടിഒ പൊന്‍കുന്നം ജോയിന്റ് ആര്‍ടിഒയോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
സ്വകാര്യ ബസുകള്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിട്ടിയുടെ ഉത്തരവ് അനുസരിച്ച് ബസുകളുടെ സമയക്രമം ഉള്‍പ്പെടെ ജോയിന്റ് ആര്‍ടിഒ റിപ്പോര്‍ട്ട് നൽകിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല. ഈ സാഹചര്യത്തില്‍ ബസുടമകള്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ചുണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു അനുകൂല വിധി നേടിയെടുത്തു. ഈ വിധിപ്പകര്‍പ്പ് കോട്ടയം ആര്‍ടിഒ ഓഫീസിനു കൈമാറിയിട്ടും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ല.
സ്വകാര്യ ബസുകള്‍ സമയക്രമം പാലിക്കണമെന്ന ഹൈക്കോടതി വിധി ഉടന്‍ നടപ്പാക്കി യാത്രക്കാരുടെ ഭീതിയകറ്റണമെന്ന് ജില്ലാ കണ്‍സ്യൂമര്‍ ആന്‍ഡ് പാസഞ്ചേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റി, അനുഗ്രഹ മോട്ടോഴ്സ് ഉടമ വിജയപ്പന് നായര്‍, പി.ടി. മോട്ടോഴ്സ് ഉടമ പി.ടി. അനിയന്‍കുഞ്ഞ് എന്നിവര്‍ ആവശ്യപ്പെട്ടു.
Kerala
നെടുമങ്ങാട്: പാൻട്രിയും ടോയ്ലെറ്റും അടക്കം ആധുനിക സൗകര്യങ്ങളുള്ള വോൾവോ ലക്ഷ്വറി ബസുകൾ കെഎസ്ആർടിസി ഉടൻ നിരത്തിലിറക്കുമെന്നു ഗതാഗതമന്ത്രി മന്ത്രി ബി. ഗണേഷ് കുമാർ.
ബസിൽ കണ്ടക്ടർക്കു പകരം പരിശീലനം സിദ്ധിച്ച ബസ് ഹോസ്റ്റസുമാരായിരിക്കും. രാജ്യത്ത് ഇറങ്ങുന്നതിൽ വച്ച് ഏറ്റവും സൗകര്യംകൂടിയ വോൾവോ ബസുകളായിരിക്കും ഇതിനായി ഉപയോഗിക്കുകയെന്നും മന്ത്രി പറഞ്ഞു
കെഎസ്ആർടിസി നെടുമങ്ങാട് യൂണിറ്റിലെ ഡ്രൈവിംഗ് സ്കൂൾ, നവീകരിച്ച ഡിപ്പോ യാർഡ്, പ്രവേശന കവാടത്തിന്റെയും നെടുമങ്ങാട് - പറശിനിക്കടവ്, നെടുമങ്ങാട് - മാനന്തവാടി എന്നീ ബസ് സർവീസുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബസിൽ കുടിവെള്ളം
വിപണിയിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ കെഎസ്ആർടിസി യാത്രക്കാർക്ക് കുടിവെള്ളം ലഭ്യമാക്കുമെന്നും വിപണനം ചെയ്യുന്ന കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ഇതിന്റെ ആനുകൂല്യം നൽകുമെന്നും മന്ത്രി പറഞ്ഞു.
District News
കോട്ടൂർ: കാട്ടാക്കട-കാപ്പുകാട് ബസ് സർവീസ് ആരംഭിച്ചു. വൈകുന്നേരം കാപ്പുകാട് ആന പാർക്കിലേക്ക് ഉണ്ടായിരുന്ന ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടു കാപ്പുകാട് സ്വദേശി ജെ. ഫസലുദ്ദീനാണ് - മുഖ്യമന്ത്രി എന്നോടൊപ്പം - എന്ന പരിപാടിയിലൂടെ അപേക്ഷ നൽകിയത്. തുടർന്ന് കാട്ടാക്കട കെഎസ്ആർടിസി അധികൃതരുമായി ബന്ധപ്പെടുകയും സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
വർഷങ്ങളോളം കാപ്പുകാട് ആന പാർക്കിലേക്ക് ഉണ്ടായിരുന്ന ബസ് സർവീസുകളാണ് കൊറോണക്കാലത്ത് കെഎസ് ആർടിസി നിർത്തലാക്കിയത്. എന്നാൽ അതിനുശേഷം ജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും സർവീസുകൾ തുടങ്ങിയില്ല. വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരത്തുനിന്നും കള്ളിയൽവഴി കോട്ടൂരിലെത്തുന്ന ബസ്, 20 മിനിറ്റ് അവിടെ വിശ്രമിക്കും. ആ ട്രിപ്പാണ് ജീവനക്കാരുടെ സഹകരണത്തോടെ കാപ്പുകാട്ടേയ്ക്കു നീട്ടിയത്.
കെഎസ്ആർടിസിയുടെ മാനേജിംഗ് ഡയറക്ടർ കോട്ടൂർ ആനപ്പാർക്ക് സന്ദർശിച്ചപ്പോൾ, മുടങ്ങിയ ബസിന്റെ കാര്യം നാട്ടുകാർ എംഡിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും, ശബരിമല സീസൺ കഴിഞ്ഞാൽ ഉടൻതന്നെ മറ്റു ട്രിപ്പ് ആരംഭിക്കാൻ കഴിയുമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.
നഗഗരപ്രദേശങ്ങളിൽനിന്നു ജോലികഴിഞ്ഞ് എത്തുന്നവരും, ട്രെയിൻ യാത്രക്കാരും ഏറെ ആശ്രയിച്ചിരുന്ന ട്രിപ്പാണ് നേരത്തേ കാട്ടാക്കടനിന്നും ഉണ്ടായിരുന്ന തച്ചൻ കോട് - കാപ്പുകാട് ബസ്.
Kerala
പത്തനംതിട്ട: മണ്ഡലകാലത്ത് അയ്യപ്പഭക്തർക്ക് സുഗമമായ യാത്രാ സൗകര്യമൊരുക്കാൻ വിപുലമായ ഒരുക്കങ്ങളുമായി കെഎസ്ആർടിസി. ആദ്യഘട്ടത്തിൽ 450 ബസുകളാണ് കെഎസ്ആർടിസി സർവീസിനായി രംഗത്തിറക്കിയത്. നിലയ്ക്കൽ - പമ്പ ചെയിൻ ഓരോ മിനിറ്റിലും മൂന്ന് ബസുകൾ വീതം സർവീസ് നടത്തും. ഭക്തരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കും.
202 ബസുകളാണ് ചെയിൻ സർവീസിനായി നിലവിൽ പമ്പയിലെത്തിച്ചിട്ടുള്ളത്. ലോ ഫ്ലോർ എസി, ലോ ഫ്ലോർ നോൺ എസി ബസുകൾ ഉൾപ്പെടെയാണിത്. 248 ദീർഘദൂര സർവീസുകളും വിവിധ ഡിപ്പോകളിൽ നിന്ന് പമ്പയിലേക്ക് നടത്തുന്നുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം തുടങ്ങി പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് ബസ് സർവീസ് ഉണ്ട്. ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന തീർഥാടകരെ പമ്പയിലെത്തിക്കുന്നതിനും സർവീസുകൾ നടക്കുന്നുണ്ട്.
നിലയ്ക്കൽ - പമ്പ സർവീസിനായി 350 വീതം ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. പമ്പയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനുമായി 95 ജീവനക്കാരെയും കോർപ്പറേഷൻ നിയോഗിച്ചിട്ടുണ്ട്.